Wednesday, December 31, 2008

ഹാപ്പി ന്യൂ ഇയര്‍

എന്റെ എല്ലാ പ്രിയപ്പെട്ട ബൂലോഗം സുഹൃത്തുക്കള്‍ക്കും പുതുവത്സര ആശംസകള്‍ ..... :)

ഒത്തിരി സ്നേഹത്തോടെ
മഴതുള്ളി

Thursday, December 18, 2008

എന്റെ നാട് -- വയനാട്

ഞാന്‍ പിറന്ന നാട്.. (ഹോയ് ഹോയ് )
വളര്‍ന്ന നാട്... (ഹോയ്.. ഹോയ് )
എന്റെ നാട്.... (ഹോയ്.. ഹോയ് )
വയനാട് .....
നാട് എന്‍ വീട് ഈ വയനാട്
കൂട് എന്‍ വീട് ഈ വയനാട്.....
വയനാട് വയനാട്....വയനാട്... വയനാട്... (2)

ഈ കൊച്ചിന് ഇതെന്നാ പറ്റീന്ന് ഓര്‍ക്കുവാണോ???
ഈ തണുപ്പത്ത് ഇവിടെ ഇങ്ങനെ ഇരിക്കുമ്പോ എനിക്ക് എന്റെ നാടു മിസ് ചെയ്യുന്നു :(
വയനാടിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എല്ലാം മനസിലേക്ക് ആദ്യം വരുന്നത് ഈ പാട്ടാണ്...
കനവു ബേബി ചേട്ടന്റെയും പിള്ളേരുടെയും വയനാടിനെക്കുറിച്ചുള്ള
സുന്ദരവും ലളിതവുമായ ഒരു പാട്ടു...
ഈ പാട്ടിന്റെ വരികള്‍ ഇങ്ങനെ തന്നെ ആണോ എന്നും എനിക്ക് അറിയില്ല...
എന്റെ പ്രിയപ്പെട്ട ബൂലോഗം സുഹൃത്തുക്കളെ....
നിങ്ങള്‍ക്കാര്‍ക്കേലും ഇതിന്റെ ശെരിയായ വരികളും ഈ പാട്ടിന്റെ ബാക്കി വരികളും അറിയാമെന്കില്‍ ദയവായി എനിക്ക് അയച്ചു തരൂ.....



കുറിപ്പ്:
കനവ് : K.J ബേബി ചേട്ടന്റെ സ്വപ്ന സാക്ഷാത്കാരമാണ് കനവ് ..ആദിവാസി കുട്ടികള്‍ക്കായുള്ള ഒരു സ്കൂള്‍...
ഇന്നത്തെ ഡി.പി.ഇ.പി ഒക്കെ വരുന്നതിനു മുന്നേ തന്നെ അതിനേക്കാള്‍ മികച്ച രീതിയില്‍ ഉള്ള പാട്യ ക്രമീകരണങ്ങള്‍....

Wednesday, November 26, 2008

എന്റെ സ്വപ്നം

ഇന്നലെ ഞാന്‍ ഒരു സ്വപ്നം കണ്ടു...

അതെന്റെ മരണമായിരുന്നു...

വെള്ളപുതപ്പ് പുതച്ചു നിര്‍വികാരതയുടെ മുഖംമൂടി അണിഞ്ഞ്

ഒറ്റയ്ക്ക് ഞാന്‍ കിടന്നു...

ഇടനാഴിയിലെ കൂരിരുട്ടിലേക്ക് തുളച്ചുകയറുന്ന

നിശബ്ദതയുടെ കൂരമ്പുകള്‍...

മരണത്തിന്റെ മരവിപ്പിലും ഇളംകാറ്റിന്റെ തലോടല്‍ ഞാന്‍ അറിഞ്ഞു...

ആ കാറ്റിനൊപ്പം ഞാന്‍ പറന്നുയര്‍ന്നു,അനന്ത വിഹായസിലെക്ക്...

അങ്ങകലെ വിദൂരതയില്‍ എന്റെ വരവും കാത്തിരുന്ന

മഴമെഘങ്ങള്‍ക്കിടയില്‍ ഞാന്‍ ഒളിച്ചു ...

സഫലമാകാതെ പോയ സ്വപ്നങ്ങള്‍ക്കും

ഇടനെഞ്ഞു കീറി മുറിച്ച നൊമ്പരങ്ങള്‍ക്കും മീതെ പറന്നിറങ്ങാന്‍....

ഒരു മഴത്തുള്ളിയായി............................

Friday, November 14, 2008

ചില ശിശുദിന ചിന്തകള്‍...

വീണ്ടും ഒരു ശിശു ദിനം കൂടെ കടന്നു പോകുന്നു...
എന്നും ആഗ്രഹിക്കാറുള്ള പോലെ ഇന്നും ആഗ്രഹിക്കുന്നു.....
ആ പഴയ കാലത്തിലേക്ക് മടങ്ങിപോകാന്‍ കഴിഞ്ഞിരുന്നെന്കില്‍ എന്ന്....
ഈ കപട ലോകത്തിന്റെ കാപട്യങ്ങള്‍ അറിയാതെ....
വേര്‍പാടുകളുടെ , നൊമ്പരങ്ങളുടെ ആഴങ്ങളറിയാതെ ....
യാന്ത്രികലോകത്തിന്റെ മരവിപ്പുകള്‍ അറിയാതെ....
നഷ്ടസ്വപ്നങളുടെ തീവ്രത അറിയാതെ.....
മഴതുള്ളികളോടൊപ്പം താളം പിടിച്ചും .....
കാറ്റിന്റെ മര്‍മ്മരങ്ങള്‍ ഏറ്റു വാങ്ങിയും....
സ്വപ്‌നങ്ങള്‍ കണ്ടും .....
തുമ്പികളോട് സല്ലപിച്ചും......
അങ്ങനെ അങ്ങനെ അങ്ങനെ .......

എന്നോ നഷ്ടപ്പെട്ടുപോയ ആ നിഷ്കളങ്ക ബാല്യം ഇനി ഓര്‍മയില്‍ മാത്രം.....


വാല്‍ക്കഷ്ണം :
എനിക്ക് ഓര്‍മയില്‍ സൂക്ഷിക്കാന്‍ അങ്ങനെ ഒരു ബാല്യം എങ്കിലും ഉണ്ട്.....
എന്നാല്‍ വളര്ന്നു വരുന്ന നമ്മുടെ ഇന്നത്തെ തലമുറയ്ക്കോ????????

Friday, November 7, 2008

മുഖം‌മൂടികള്‍ ഉണ്ടാകുന്നത്

എങ്ങനെയാണ് മുഖം‌മൂടികള്‍ ഉണ്ടാകുന്നത്???
എന്തിനാണ് മുഖം‌മൂടികള്‍ ഉണ്ടാക്കുന്നത് ????
മനസിലെ വൈകൃതങ്ങള്‍ മറയ്ക്കാന്‍ ചിലര്‍ മുഖം‌മൂടികള്‍ നിര്‍മ്മിക്കുന്നു ..
മനസിലെ ദുഃഖങളും വേദനകളും ഒളിപ്പിച്ചുവയ്ക്കാന്‍ ചിലര്‍ മുഖം‌മൂടികള്‍ അണിയുന്നു ....
സ്വന്തം വ്യക്തിത്വം മറയ്ക്കാന്‍ ചിലര്‍ മുഖം മൂടികള്‍ക്കുള്ളില്‍ ഇരിക്കുന്നു ...
സ്വയം നഷ്ടപ്പെടുമെന്ന് തോന്നുമ്പോള്‍ ചിലര്‍ മുഖംമൂടികള്‍ക്കുള്ളില്‍ ഒളിക്കുന്നു..
മുഖംമൂടികളില്ലാത്ത മനുഷ്യര്‍ ഉണ്ടോ???

വാല്‍ക്കഷ്ണം:
ഞാന്‍ അണിഞ്ഞിരിക്കുന്നത് ഏത് മുഖംമൂടി ആണ്????
ഏതാണ് എന്റെ യഥാര്‍്ഥ മുഖം??


Tuesday, November 4, 2008

സ്നേഹത്തിന്റെ പല മുഖങ്ങള്‍

സ്നേഹത്തിനു പല മുഖങ്ങള്‍ ഉണ്ട്. അവയില്‍ ചിലത്:
മുഖം 1:
നിസ്വാര്‍ഥ സ്നേഹത്തിന്റെ മുഖം ആണ് ഇത്... ഇവര്‍ക്ക്‌ സ്നേഹിക്കാന്‍ മാത്രമെ അറിയൂ...
താന്‍ സ്നേഹിക്കുന്ന വ്യക്തിയുടെ നന്മകള്‍ മാത്രം ആഗ്രഹിക്കുന്നവര്‍..
സ്നേഹിക്കുന്ന വ്യക്തിയില്‍ പൂര്‍ണ വിശ്വാസമുള്ളവര്‍.
തിരിച്ച് ഒന്നും ഇവര്‍ പ്രതീക്ഷിക്കുന്നില്ല..
മുഖം 2
ഇതു സ്വാര്‍ഥതയുടെ മുഖം ആണ്.
സ്വാര്‍ഥതാല്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം സ്നേഹം നടിക്കുന്നവര്‍..
കപടതയുടെ മുഖം മൂടി അണിഞ്ഞു നടക്കുന്നവര്‍...
ഇവരെ സൂക്ഷിക്കണം...ഇവര്‍ ഏല്പിക്കുന്ന മുറിവുകള്‍ ആഴമേറിയതായിരിക്കും...
മുഖം 3

ഇവരെ ഏത് പേരിട്ടു വിളിക്കണം എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല....

നമ്മുടെ കൂട്ടത്തില്‍ എപ്പോളും കാണപ്പെടുന്ന ഒരു മുഖം തന്നെ ആണ്...

ഇവരുടെ സ്നേഹം നമ്മെ ശ്വാസം മുട്ടിക്കും...

താന്‍ സ്നേഹിക്കുന്ന വ്യക്തി തന്റേതു മാത്രം ആയിരിക്കണം എന്ന് ഇവര്‍ക്ക് വാശി ആണ്..

താന്‍ വരയ്ക്കുന്ന വരയ്ക്ക് അപ്പുറം നില്‍ക്കാന്‍ അനുവദിക്കില്ല...

എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ തിക്താനുഭവങ്ങള്‍ മാത്രമെ കിട്ടൂ.....

ഇവരുടെ സ്നേഹം പക്ഷെ കപടം അല്ല.....

താന്‍ സ്നേഹിക്കുന്ന വ്യക്തിക്ക് വേണ്ടി ജീവന്‍ വരെ നല്‍കാന്‍ ഇവര്‍ തയ്യാറാണ്..

പക്ഷെ ഇവര്‍ വെറുത്തു കഴിഞ്ഞാല്‍ .......

സ്നേഹത്തിന്റെ മുഖങ്ങള്‍ ഇനിയും ഒരു പാടുണ്ട്... പലതും മുഖം മൂടികള്‍ അണിഞ്ഞവ....

Friday, October 31, 2008

അനാമികയുടെ ദുഖങ്ങള്‍

പൊട്ടി പോകാന്‍ വിതുമ്പി നില്ക്കുന്ന താലി ചരടില്‍ മുറുകെ പിടിച്ചു പകച്ചു നില്‍ക്കുകയാണ്‌ ഞാന്‍
ജീവിതം അഗാധമായ ഒരു ഗര്‍ത്തത്തിലേക്ക് വീണുകൊണ്ടിരിക്കുന്നത് ഒരു ഞെട്ടലോടെ ഞാന്‍ അറിയുന്നു
ചുറ്റും കൂരിരുട്ടും ശൂന്യതയും മാത്രം.
ഈ യാത്ര എങ്ങോട്ട്??.. ഇനി എന്ത്? ....
ഉത്തരങ്ങളില്ലാത്ത കുറെ ചോദ്യങ്ങള്‍ മനസിന്റെ ഉള്ളറകളില്‍ മുഴങ്ങുന്നു..
മരവിച്ച മനസിന്റെ ചിതല്‍ പിടിച്ച ജാലകങ്ങളില്‍
എന്നോ പെയ്ത മഴയുടെ വറ്റാത്ത ചില തുള്ളികള്‍ പറ്റിപ്പിടിച്ചിരിക്കുന്നു,
എവിടെയോ നഷ്ടപെട്ട കുറെ സ്വപ്നങ്ങളുടെ പെയ്ക്കിനാവുകളും പേറി...

ഒരു വാനമ്പാടി

oru kaattil oru vaanambaadi undaayirunnu..aval swathanthrayaayirunnu..othiri swapnagalum mohangalum okke ulla oru paavam..avalkk orupaadu suhruthukkal undaayirunnu..snehichum santhoshichum ullasichum avar kazhinjukoodi...

ennaal ellaa sandhoshangaludeyum andhyam valare pettannaayirunnu.. krooranaaya oru vedante karaala hasthangalil aval akappettu poyi.. chirakukal odich avan avale koottilaakki...onnu karayaan polumaakaathe vidoorathayilekku nokki aa koottinullil kidann aval thengi...

oru paadu kettu pazhakiya oru vaanambaadiyude kadha.... ennaal inn aa vaanambaadiyude dukham njan ariyunnu... chirakukal ariyappedumbol praanam pidayunna vedana njan ariyunnu... swaathanthryam nashtapedumbolulla nombaram njan ariyunnu..

onnu karayaan polumaakaathe ee thadavarayude ullil vidoorathyilekku nokki oru thengalode njaanum....

Thursday, July 17, 2008

ഒരു കുറിപ്പ്

ആത്മാര്‍ഥത നഷ്ടപ്പെടുംബൊളാണു ന്യായീകരണങ്ങള്‍ ഉടലെടുക്കുന്നത്‌....

Thursday, April 3, 2008

എന്റെ നാട്‌ -8

മുത്തങ്ങ വന്യ ജീവി സങ്കേതം

പേരു കെട്ടു പേടിക്കണ്ട.ഇപ്പൊ ഇവിടെ പ്രശ്നങ്ങള്‍ ഒന്നും ഇല്ല :)ധൈര്യമായി വന്നോളൂ..ഇവിടെയാണു നിങ്ങള്‍ പറയാറുള്ള കാടും കാട്ടുജീവികളും സുഖമായി താമസിക്കുന്നത്‌..സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും എകദേശം 5 കിലോമീറ്റര്‍ ഉണ്ട്‌ ഇവിടേക്ക്‌..കാട്ടിനുള്ളിലേക്ക്‌ ജീപ്പ്‌ സര്‍വീസ്‌ ഉണ്ട്‌.ആന,കാട്ടുപോത്ത്‌,മാന്‍,മയില്‍,കടുവ,കരടി,അപൂര്‍വ ഇനം പക്ഷികള്‍..അങ്ങനെ ഒരുപാടു ജീവികള്‍ ഉണ്ട്‌ ഈ വനത്തില്‍..പക്ഷെ പോകുന്ന വഴിക്ക്‌ ഇന്നാ കണ്ടോ എന്നൊന്നും പറഞ്ഞ്‌ ഈ ജീവികള്‍ വന്നു നിന്നു തരില്ലാട്ടൊ.യോഗം ഉണ്ടേല്‍ കാണാം..അത്രയെ എനിക്ക്‌ ഗ്യാരണ്ടി തരാന്‍ പറ്റൂ. :)


സൂചിപ്പാറ വെള്ളച്ചാട്ടം

തടാകവും,ദ്വീപും,കാടും ഒക്കെ കറങ്ങി..ഇനി ഒരു വെള്ളചാട്ടം ആയാലോ? കുറച്ച്‌ സാഹസികത ഇഷ്ടപ്പെടുന്നവരാണു നിങ്ങള്‍ എങ്കില്‍ തീര്‍ച്ചയായും ഇവിടെ വന്നിരിക്കണം..ആദ്യം കുറെ തേയില തോട്ടങ്ങള്‍..അതുകഴിഞ്ഞ്‌ 2 കിലോമീറ്റര്‍ കൊടുംവനത്തിലൂടെ യാത്ര..ഒന്ന് ആലോചിച്ചു നോക്കൂ..ഇപ്പൊ തന്നെ ഒന്നു വന്നാലോന്ന് തോന്നുന്നുണ്ടോ??വനത്തിലൂടെ ചുമ്മാ നടക്കുവല്ല..പാറക്കെട്ടുകള്‍ താണ്ടി വെണം എത്താന്‍. ദൂരെ നിന്നു തന്നെ സുന്ദരിയായ ഈ വെള്ളച്ചാട്ടം കാണാം..ഇനി ഈ വെള്ളചാട്ടതിന്റെ അടിയില്‍ വന്നു നിന്നു നീന്താനും,കുളിക്കാനും കൂടെ പറ്റും എന്നു പറഞ്ഞാലോ...:)

Tuesday, April 1, 2008

എന്റെ നാട്‌ -7

കുറുവ ദ്വീപ്‌:

ദ്വീപോ എന്നാണൊ?? അതെയ്‌ ദ്വീപു തന്നെ.ഒരെണ്ണം അല്ല.. 3 എണ്ണം ഉണ്ട്‌..കബനി നദി രണ്ടായി പിരിഞ്ഞ്‌ അതിന്റെ ഇടയില്‍ ആയിട്ടാണു മനോഹരമായ ഈ ദ്വീപ്‌(950 acres!!!).നദി കടന്നു വേണം ഇവിടെ എത്താന്‍.പ്രശാന്തസുന്ദരമായ സ്ഥലം.അപൂര്‍വ ഇനം പക്ഷികളെയും സസ്യങ്ങളെയും ഒക്കെ ഇവിടെ കാണാം.


പഴശ്ശി കുടീരം:

ബ്രിട്ടീഷ്കാര്‍ക്കെതിരെ ധീരമായി പോരാടി വീരമൃത്യു വരിച്ച \'കേരളത്തിന്റെ സിംഹം\' പഴശ്ശി രാജാവിനെ അടക്കം ചെയ്തിരിക്കുന്നത്‌ ഇവിടെയാണു.

Tuesday, March 25, 2008

എന്റെ നാട്‌ -6

തിരുനെല്ലി :

മാനന്തവാടിക്കടുത്താണു തെക്കന്‍ കാശി ദക്ഷിണഗയ എന്നെല്ലാം അറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രം.ഗയയില്‍ വിഷ്ണുവിനെയും കാശിയില്‍ ശിവനെയും തൊഴുതാല്‍ കിട്ടുന്ന ഐശ്വര്യം ഇവിടെ വന്നാല്‍ കിട്ടുമത്രെ.വടക്ക്‌ ബ്രഹ്മഗിരി,കിഴക്ക്‌ ഉദയഗിരി,തെക്ക്‌ നരിനിരങ്ങി മല,പടിഞ്ഞാറു കംബ മല.ഈ 4 മലകളുടെയും നടുക്കായിട്ടാണു ഈ ക്ഷേത്രം.

ലോകത്തിനെ രക്ഷിക്കുന്നതിന്‍ ഒരു ഹംസമായി എത്തിയ ബ്രഹ്മാവ്‌ ഒരു നെല്ലി മരത്തില്‍ വിഷ്ണുവിന്റെ രൂപം കണ്ടെന്നും അവിടെ വിഷ്ണുപ്രതിഷ്ട നടത്തണം എന്ന അശരീരി കേട്ട്‌ വിഷ്ണുപ്രതിഷ്ട നടത്തി എന്നും ആണ്‍ ഐതിഹ്യം.ഈ നെല്ലിയുമായി ബന്ധപ്പെട്ടാണത്രെ തിരുനെല്ലി എന്ന് ഈ സ്ഥലത്തിനു പേരു വന്നത്‌.


ക്ഷേത്രതിനടുത്തായിട്ടാണു പഞ്ചതീര്‍ഥ തടാകം.ഇതിനു നടുക്ക്‌ മഹാവിഷ്ണുവിന്റെതെന്നു പറയപ്പെടുന്ന കാലടികള്‍ കാണാം.ഈ പാറയില്‍ വച്ചാണു വിഷ്ണു ബ്രഹ്മാവിനു ഉപദേശം കൊടുത്തതത്രെ.

കുറച്ചു കൂടെ അകലെ ആണു പാപനാശിനി പുഴ.കാട്ടിനു നടുവില്‍ ആണിത്‌.ബ്രഹ്മഗിരിയില്‍ നിന്നാണു പാപനാശിനി ഉല്‍ഭവിക്കുന്നത്‌.ഈ പുഴയിലാണൂ പിണ്ഡപ്പാറ, ഇവിടെയാണു മരിച്ചവര്‍ക്കായി പിണ്ഡം വയ്ക്കുന്നത്‌.

ക്ഷേത്രതിലെക്കാവശ്യമായ വെള്ളം കരിങ്കല്‍ പാത്തി വഴി പാപനാശിനിയില്‍ നിന്നും ആണു എടുക്കുന്നത്‌.


ഐതിഹ്യങ്ങള്‍ ഒരുപാടുണ്ട്‌ ഈ ക്ഷെത്രതിനെ ചുറ്റിപ്പറ്റി.എന്തൊക്കെ ആയാലും മലകളാലും പുല്‍മേടുകളാലും അരുവികളാലും ചുറ്റപ്പെട്ട ശാന്തസുന്ദരമായ ഈ ക്ഷേത്രത്തില്‍ വന്ന് ഒന്ന് തൊഴുതിട്ടു പോകൂ..മനസില്‍ സന്തൊഷവും സമാധാനവും താനേ വന്നു നിറയും.


തിരുനെല്ലിക്കടുത്തു തന്നെ ആണു പക്ഷിപാതാളം ഉള്ളത്‌..പക്ഷെ ഇവിടെക്കു പോകണം എങ്കില്‍ പ്രത്യെക അനുമതി വാങ്ങണം.പേരുപോലെ തന്നെ പലവിധതിലുള്ള പക്ഷികളുടെ ഒരു വിഹാരകേന്ദ്രം ആണിവിടെ

Tuesday, March 11, 2008

എന്റെ നാട് -5

ഇടയ്ക്കല്‍ ഗുഹ:

പൂക്കോട്‌ നിന്നും നേരെ പോയാല്‍ കല്‍പെറ്റയില്‍ എത്താം..സാമാന്യം വല്യ ഒരു ടൗണ്‍ ആണു..ഇവിടെ നിന്നും എകദേശം 30 കിലോമീറ്റര്‍ ഉണ്ട്‌ ഇടയ്ക്കല്‍ ഗുഹയിലെക്ക്‌..

പ്രകൃതിയുടെ ഓരൊ വികൃതികള്‍ എന്ന് ആലോചിച്ചു കുറച്ചു നേരം നിന്നു പോകും ഇതുകണ്ടാല്‍..2 വല്യ കല്ലുകള്‍..അതിന്റെ ഇടയിലായി അങ്ങൊട്ടും ഇല്ല ഇങ്ങൊട്ടും ഇല്ല എന്ന മട്ടില്‍ വന്നു വീണു കിടക്കുന്ന മൂന്നാമതൊരു കല്ല്..അങ്ങനെ 'ഇടക്കല്‍' ആയി..3 കല്ലും കൂടെ ചേര്‍ന്ന് ഒരു ഗുഹയും ആയി...ഇവിടുടെ പ്രത്യെകത എന്താന്നല്ലെ??...ഈ ഗുഹയുടെ ഭിത്തിയില്‍ കുറെ ശിലാലിഖിതങ്ങള്‍ ഉണ്ട്‌.. നമ്മുടെ പൂര്‍വികരുടെ വക..(ബി സി 4000 ആണ്ടില്‍ ജീവിചിരുന്നവര്‍!!!) കുറെ ചിത്രങ്ങള്‍ ..ഒരു മനുഷ്യന്‍, സ്ത്രീ, കുട്ടികള്‍, ആന, മയില്‍ , പൂക്കള്‍.. കുറെ എഴുതുകളും ഉണ്ട്‌..പലതിന്റെയും വ്യാഖ്യാനങ്ങള്‍ കണ്ടെത്തികൊണ്ടിരിക്കുന്നേയുള്ളു ഇപ്പൊളും..വല്ലാത്ത ഒരു സന്തോഷം തോന്നും ഇതൊക്കെ കാണുംബോള്‍..സമുദ്ര നിരപ്പില്‍ നിന്നു 4000 അടി മുകളില്‍ ആണു ഇപ്പൊള്‍..

ഗുഹയില്‍ നിന്ന് ഇറങ്ങി അടുത്തത്‌ അംബുകുത്തി മല കയറ്റം ആണു..അത്ര എളുപ്പം അല്ല ഈ മല കയറ്റം.. കുത്തനെ കിടക്കുകയാണു..മുകളില്‍ എത്തുംബൊഴെക്കും നന്നായി ക്ഷീണിക്കും..പക്ഷെ മുകളില്‍ എത്തി കഴിഞ്ഞാല്‍ എല്ലാ ക്ഷീണവും മറക്കും.. കാരണം അത്രയ്ക്ക്‌ മനൊഹരമായ കാഴ്ചകള്‍ ആണു അവിടെ കാത്തിരിക്കുന്നത്‌..ഒരു വശത്ത്‌ നീലഗിരി കുന്നുകള്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു..അപ്പുറത്ത്‌ മൈസൂര്‍ ചാമുണ്ടെശ്വരി ഹില്‍സ്‌.. പിന്നെ സുന്ദരിയായ വയനാടും, ഒരു സുന്ദര സ്വപ്നം പോലെ.........തിരിച്ചു പോരാന്‍ തോന്നില്ല.

(ഞാന്‍ എങ്ങനെ ഇതിന്റെ മുകളില്‍ എത്തീന്നു ചൊദിച്ചാല്‍.. പണ്ടേ ഒരു മരം കേറി ആയിരുന്നു.. :) )

Friday, March 7, 2008

എന്റെ നാട് -4

പൂക്കോട്‌ തടാകം:

ഊട്ടിയിലെ ആര്‍ട്ടിഫിഷ്യല്‍ തടാകവും അവിടുത്തെ അഴുക്കു വെള്ളവും കണ്ട്‌.. "vow beautiful " എന്നു പറയുന്നവരല്ലെ നിങ്ങള്‍..ഒന്ന് ഇവിടെ വരെ വരൂ.. ഈ തടാകം ഒന്നു കണ്ടു നോക്കു..ഊട്ടിയിലെ തടാകത്തിനെ പിന്നെ നിങ്ങള്‍ക്ക്‌ ഒരിക്കലും ഇഷ്ടപ്പെടാന്‍ കഴിയില്ല.. ഞാന്‍ ഉറപ്പു പറയുന്നു..അത്രയ്ക്കു സുന്ദരമാണു...
ചുറ്റും മരങ്ങളും മലകളും.. നടുക്ക്‌ ഒരു സ്വപ്നം പോലെ നീണ്ടു കിടക്കുന്ന ഒരു തടാകം..പ്രകൃതി കനിഞ്ഞു നല്‍കിയ വരദാനം..തണുത്ത കാറ്റും മേഘങ്ങളുടെ തലോടലുമേറ്റ്‌ ഈ തടാകതിനു ചുറ്റും ഒന്നു നടന്നു നോക്കൂ..തടാകത്തിന്റെയും കാടിന്റെയും ഇടയിലൂടെയാണു ഈ വഴി..ഇനി നടക്കാന്‍ ഇഷ്ടമില്ലെ..വിഷമിക്കണ്ട.. ബോട്ടിംഗ്‌ ഉണ്ട്‌..

കുതിരസവാരി, കുട്ടികളുടെ പാര്‍ക്ക്‌,അക്വേറിയം..തീരുന്നില്ല ഇവിടുത്തെ വിശേഷങ്ങള്‍.....

എന്റെ നാട് -3

ചങ്ങല മരം :

ഇതെന്തു മരം ആണെന്നാരിക്കും അല്ലെ??? പറയാം....

ചുരം കയറി നമ്മള്‍ എത്തുന്നത്‌ ലക്കിടിയില്‍ ആണു..അവിടുന്നു കാഴ്ചകള്‍ ഒക്കെ കണ്ടു അങ്ങനെ പോകുന്ന വഴിക്കാണു ചങ്ങല മരം...നോക്കി ഇരുന്നില്ലെല്‍ മിസ്സ്‌ ചെയ്യും... ഒരു വലിയ മരത്തെ ചങ്ങല കൊണ്ടു ബന്ധിച്ചിരിക്കുന്നു...

ഇനി ഇതിനു പിന്നിലുള്ള കഥ ഇങ്ങനെയാണു.....

പണ്ട്‌ വയനാട്‌ എത്തിചേരാനുള്ള വഴി പുറം ലോകത്തിനു അപരിചിതമായിരുന്നു..എങ്ങനെ വഴി കണ്ടു പിടിക്കുമെന്നാലൊചിച്ച്‌ തല പുകച്ചു കൊണ്ടിരിക്കുമ്പോളാണു ഒരു ബ്രിട്ടീഷ്‌ എഞ്ജിനീയര്‍ കരിന്തണ്ടന്‍ എന്ന ഒരു ആദിവാസി യുവാവിനെ കണ്ടുമുട്ടുന്നത്‌..അയാളെ പറഞ്ഞു മയക്കി സായിപ്പ്‌ വളരെ ദുര്‍ഘടം പിടിച്ച കാട്ടു വഴികള്‍ താണ്ടി ലക്കിടി എത്തി..അവിടെ എത്തിയപ്പൊള്‍ സായിപ്പിനു തോന്നി ഈ വഴി കണ്ടുപിടിച്ച ക്രെഡിറ്റ്‌ മുഴുവന്‍ സ്വയം അങ്ങ്‌ എടുക്കണമ്ന്ന്...പിന്നെ സായിപ്പ്‌ ഒന്നും ആലോചിച്ചില്ല...അയാളെ കൊന്നു...കരിന്തണ്ടന്റെ ആത്മാവു പക്ഷെ വെറുതെ ഇരുന്നില്ല...അതിനുശേഷം ആ വഴി പോയവരെ ഒക്കെ ഉപദ്രവിക്കാന്‍ തുടങ്ങി.അപകടങ്ങള്‍ പതിവായി..അവസാനം ഒരു മന്ത്രവാദി എത്തി തളയ്ച്ചിട്ടതാണു ഈ ചങ്ങലയില്‍..അതിനു ശേഷം അപകടങ്ങള്‍ കുറഞ്ഞത്രെ..ഇതാണു കഥ...

ചങ്ങല മരം പിന്നിട്ട്‌ യാത്ര തുടരാം..അടുത്തത്‌ നമ്മളെ കാത്തിരിക്കുന്നതു മനോഹരമായ ഒരു തടാകം ആണു..

Thursday, March 6, 2008

എന്റെ നാട് - 2

താമരശ്ശേരി ചുരം:

വയനാടിലെക്കുള്ള യാത്ര ആരംഭിക്കുന്നത്‌ ഇവിടെ നിന്നാണു...വളഞ്ഞു പുളഞ്ഞു കിടക്കുന്ന ഹെയര്‍പിന്‍ വളവുകള്‍ താണ്ടി..ചെറിയ ജലധാരകള്‍ കണ്ടാസ്വദിച്ച്‌.. മരങ്ങളും...മലകളും പിന്നിട്ട്‌..പിന്നെ കൊടമഞ്ഞിന്റെ തണുപ്പാസ്വദിച്ചു... യാത്ര തുടരാം..

എറ്റവും മുകളില്‍ ചെന്നു താഴെക്കു നോക്കൂ.. വന്ന വഴികള്‍ കാണാം...നേര്‍ത്ത വരകള്‍ പോലെ...ഈ വഴികള്‍ താണ്ടിയാണൊ ഇവിടെ വരെ എത്തിയതെന്ന് ഓര്‍ത്ത്‌ അതിശയിക്കും...മനൊഹരമായ ഈ കാഴ്ചകള്‍ വാക്കുകള്‍ കൊണ്ടു വര്‍ണ്ണിക്കാന്‍ തീര്‍ച്ചയായും കഴിയില്ല..

ഈ യാത്ര ചെന്നെത്തുന്നതു വയനാടിന്റെ പ്രവേശനകവാടത്തിലാണു...മനസിന്റെ മണിചെപ്പില്‍ എന്നും സൂക്ഷിക്കാന്‍ കുറെ ഓര്‍മ്മകള്‍ നല്‍കാനായി വയനാട്‌ ഇവിടെ കാത്തിരിക്കുന്നു..അത്ര സുന്ദരമാണു ഇവിടുത്തെ കാഴ്ചകള്‍....

Wednesday, March 5, 2008

എന്റെ നാട്‌ -1

എന്റെ നാട്‌ എന്നൊക്കെ പറഞ്ഞു ഈ പെണ്ണെന്താ കേരളത്തെക്കുറിച്ചു പ്രബന്ധം എഴുതാന്‍ പോകുവാണോന്നായിരിക്കും അല്ലെ..??
തീര്‍ച്ചയായും അല്ല.... ഞാന്‍ പറഞ്ഞു വരുന്നതു വയനാടിനെ കുറിചാ...
ഇപ്പൊ പറയും.. "വയനാടൊ??? കുറെ കാടും കാട്ടുവാസികളും..അല്ലാണ്ടെന്താ??"
പറഞ്ഞൊളു...ഞങ്ങള്‍ അതു മുഖവിലയ്ക്കെടുക്കില്ല.. ഉള്ളില്‍ ചിരിക്കും....കാരണം ഞങ്ങള്‍ വയനാടുകാര്‍ക്ക്‌ ഇതൊരു പുത്തരി അല്ല... വയനാടില്‍ ഒരിക്കല്‍ പോലും കാലുകുത്താത്തവരെ ഇങ്ങനെ പറയൂ എന്നു ഞങ്ങള്‍ക്ക്‌ ഉറപ്പാണു.. ആ നാടിന്റെ മനൊഹാരിതയും നന്മയും കണ്ടറിഞ്ഞവര്‍ ഒരിക്കലും അങ്ങനെ പറയില്ല....

ഞാന്‍ ഇപ്പൊ ഈ ചെയ്യുന്നത്‌ ഒരു സാഹസം ആണെന്ന് എനിക്ക്‌ അറിയാഞ്ഞിട്ടല്ല... എന്നാലും.. എന്റെ നാടിനെ കുറിച്ച്‌ എന്തെങ്കിലും എഴുതണം എന്നൊരു തോന്നല്‍..

വയനാടിലെ
എന്റെ പ്രിയ സുഹൃത്തുക്കള്‍ എന്നൊടു പൊറുക്കണം..വയനാടിന്റെ മനൊഹാരിത വാക്കുകള്‍ കൊണ്ട്‌ വരച്ചിടാന്‍ ആകില്ലാന്നറിയാം...എന്നാലും ഞാന്‍ ഒരു ശ്രമം നടത്തുകയാണു...ആരുടെയും ധാരണകള്‍ മാറ്റാം എന്ന വ്യര്‍ഥ മോഹങ്ങളും എനിക്കില്ല...വായിച്ചു നോക്കൂ...

Tuesday, March 4, 2008

ചില നേരങ്ങളില്‍.....ചില മോഹങ്ങള്‍

ഒരു മഴത്തുള്ളി ആകാന്‍ കഴിഞ്ഞിരുന്നെങ്കില്‍....

ഭൂമിയുടെ എല്ലാ മനോഹാരിതകളും ഉള്ളിലേക്ക്‌ ആവാഹിച്ച്‌...

നൊടിയിട കൊണ്ടു പ്രകൃതിയുടെ മാറിലേക്ക്‌ അലിഞ്ഞു ചേരാന്‍....

ദുഖങ്ങളില്ലാതെ...

വേദനകളില്ലാതെ....

കടപ്പാടുകള്‍ ഇല്ലാതെ...

Friday, February 29, 2008

ഒരു യാത്രാമൊഴി..........



എനിക്കറിയാം ഒരിക്കലും നിനക്കെന്നെ പ്രണയിക്കാനാകില്ല എന്നു..

എന്റെ ഹൃദയത്തിന്റെ ശ്രീകോവിലില്‍ നിന്റെ ബിംബം പക്ഷെ ഞാന്‍ പ്രതിഷ്ടിച്ചു പോയി...

അതു തകര്‍ത്തെറിയാന്‍ എനിക്കാവില്ല....

അതുകൊണ്ടു തന്നെ ഞാന്‍ യാത്ര ആവുകയാണു...

എന്നെന്നേക്കുമായി....

ഇനി,

പൗര്‍ണമി രാത്രികളില്‍ ഞാന്‍ നിന്നെ തേടി വരും......

നിന്റെ ജാലകത്തിനു പുറത്തു,അനന്തമായ ആകാശത്ത്‌ ഒരു താരമായി ഞാന്‍ നിന്നെ നോക്കി ഇരിക്കും ...

ഒരു ദിവസം,

ഈ ലോകത്തിലെ സര്‍വബന്ധനങ്ങളും അഴിച്ചുമാറ്റി നീ വരണം...

എന്നെത്തേടി..എന്റേതു മാത്രമാകാന്‍.....

ആ ദിവസത്തിനായി ഞാന്‍ കാത്തിരിക്കും..

പൗര്‍ണമി രാത്രിയില്‍ ഭൂമിയെ തൊട്ട്‌ തിരികെ എത്തുന്ന നിലാവിനൊപ്പം നീ വരണം...

അവിടെ നിനക്കായി ഞാന്‍ മയില്‍പ്പീലികൊണ്ടു കൊട്ടാരമൊരുക്കും...

ആയിരം തോഴിമാര്‍ താലപ്പൊലികളുമായി നിന്നെ കാത്തുനില്‍ക്കും...

അന്നു നീ എന്റേതു മാത്രമാകും...

ആ നിമിഷത്തിനു വേണ്ടി....നിന്റെ വരവും പ്രതീക്ഷിച്ചു...

ഞാനിന്നു യാത്രയാകുകയാണു...

എന്നെന്നേക്കുമായി......

എന്നു സ്വന്തം

മഞ്ഞുതുള്ളി.................

ഈ മനസിനെ കൊണ്ടു തോറ്റു......

മനസിനുള്ളില്‍ ഒരു ഷിഫ്റ്റ്-ഡിലീറ്റ് കീ ഉണ്ടായിരുന്നെങ്കില്‍ എന്നു ചുമ്മാ ആഗ്രഹിക്കാറുണ്ട്‌.. ...ആവശ്യം ഇല്ലാത്തതൊക്കെ ഡിലിറ്റ്‌ ചെയ്ത്‌ ഒന്നു റിഫ്രഷ്‌ ആക്കി എടുക്കാന്‍ പറ്റിയിരുന്നെങ്കില്‍.....ഒരു ഫോര്‍മാറ്റ്‌ ഓപ്ഷനും കൂടെ വേണം....

hmmm ചുമ്മാ ഇരുന്നിങ്ങനെ ആഗ്രഹിക്കാനല്ലെ പറ്റൂ...

Friday, February 22, 2008

മഴതുള്ളി....

ഞാന്‍ ഒരു എഴുത്തുകാരി അല്ല.... ഈ എഴുതുന്നതൊക്കെ ആരെങ്കിലും വായിക്കണം എന്ന് ആഗ്രഹവും ഇല്ല.
ഉള്ളില്‍ കുരെ അക്ഷരങ്ങളും വാക്കുകളും കിടന്നിരുന്നു.. അവയെ ഞാന്‍ കഥയെന്നും കവിതയെന്നും ഒക്കെ പേരിട്ടു എവിടെയൊക്കെയൊ കുറിച്ചു വച്ചു...അക്ഷരങ്ങള്‍ അന്ന് എന്റെ പ്രിയസുഹ്രുത്തായിരുന്നു.എന്റെ ദുഖങ്ങളും വേദനകളും സന്തോഷങ്ങളും ഒക്കെ അവളുമായി ഞാന്‍ പങ്കുവച്ചു.

ഇതൊക്കെ പഴയ കഥകള്‍.ഈ യന്ത്രവുമായുള്ള സഹവാസം തുടങ്ങിയതോടെ എനിക്ക്‌ എന്നെ തന്നെ നഷ്ടപ്പെട്ടു തുടങ്ങിയത്‌ ഒരു വേദനയോടെ ഞാന്‍ അറിഞ്ഞു.മരവിച്ചു തുടങ്ങിയ എന്റെ മനസിന്റെ അടിതട്ടില്‍ കിടന്ന് എന്റെ അക്ഷരങ്ങളും വാക്കുകളും മുറവിളി കൂട്ടാന്‍ തുടങ്ങി..അതു കേട്ടില്ല എന്നു നടിച്ച്‌ ഇത്ര നാള്‍ നടന്നു ഞാന്‍.എന്നാല്‍ എത്ര കാലം എനിക്കങ്ങനെ എന്റെ പ്രിയസുഹ്രുത്തിനെ അവഗണിച്ചു നടക്കാനാകും?? അങ്ങനെ ആകുലപ്പെട്ട്‌ ഇരിക്കുന്ന സമയത്താണു ബ്ലൊഗുകളുടെ ഈ ലോകം മുന്നില്‍ വന്നു പെടുന്നത്‌..ഈ ലോകത്തുനിന്നും യാത്ര ആയാലും എന്റെ സ്വന്തം എന്നു പറയാനായി എന്തെങ്കിലും അവശേഷിപ്പിച്ചിട്ടു പോകാന്‍ എനിക്കിതിലൂടെ കഴിഞ്ഞേക്കും എന്നൊരു തോന്നല്‍...
ഒരുപാടു കാലങ്ങള്‍ക്കു ശേഷം പ്രിയസുഹ്രുത്തിനെ കണ്മുന്നില്‍ കിട്ടിയ സന്തോഷതിലാണു ഞാനിപ്പൊള്‍...എന്തൊക്കെയൊ പറയാനുണ്ട്‌ ..പക്ഷെ വാക്കുകള്‍ പുറത്തെക്കു വരുന്നില്ല...ഇനിയും നിന്നെ കൈവിട്ടു പൊകരുതെ എന്നു മാത്രമാണിപ്പോളെന്റെ പ്രാര്‍ഥന ..

അതു കൊണ്ടു പ്രിയസുഹ്രുത്തെ......

മഴയെയും,പൂക്കളെയും,കാറ്റിനെയും,പുഴകളെയും എല്ലാം ഒരു പാടു സ്നേഹിച്ചിരുന്ന ആ പഴയ എന്നിലേക്ക്‌ ഒരു മടക്കയാത്ര ഞാന്‍ തുടങ്ങുകയാണു.. നിന്നിലൂടെ.... ഒരു മഴതുള്ളിയായി.........

Tuesday, February 19, 2008

അങ്ങനെ ഞാനും ബ്ലോഗ് തുടങ്ങി .......


ഈ യന്ത്രത്തിന്റെ മുന്നില്‍ ഇരുന്നു ജീവിതം മടുത്തു തുടങ്ങിയപ്പോളാണ് ബ്ലോഗുകളുടെ ലോകം മുന്നില്‍ വന്നു പെട്ടത്.....

ഇരിക്കട്ടെ എന്‍റെ വക ഒരു ബ്ലോഗ് എന്ന് ഞാനും അങ്ങ് തീരുമാനിച്ചു... അങ്ങനെ ബ്ലോഗുകളുടെ ഈ വലിയ ലോകത്തേക്ക് ഞാനും കാലെടുത്തു വയ്ക്കുകയാണ് ......